ചെന്നൈ ടീമിന്റെ എക്കാലത്തെയും വിശ്വസ്തനായ ബാറ്ററായിരുന്നു ഫാഫ് ഡുപ്ലെസിസ്. സൂപ്പർ കിംഗ്സിനായി 100 മത്സരങ്ങൾ കളിച്ചിട്ടുള്ള ഡുപ്ലെസിസ് എന്നും ടീമിന്റെ നട്ടെല്ലായി നിലകൊണ്ടിട്ടുണ്ട്. എന്നാൽ ഐപിഎല്ലിന്റെ 2022 സീസണിൽ ചെന്നൈ ഡുപ്ലെസിയെ തിരിച്ചുപിടിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. അതിനുള്ള പരിഹാരമായി സൂപ്പർകിംഗ്സ് ക്യാപ്റ്റനായി തിരിച്ചുവരികയാണ് ഡുപ്ലെസിസ്. എന്നാൽ ചെന്നൈ ക്യാപ്റ്റനല്ല എന്നുമാത്രം.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗ് ടീമായ ജോബർഗ് സൂപ്പർകിംഗ്സിലാണ് ഡുപ്ലെസിസ് ക്യാപ്റ്റനാവുക. ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റർമാർ അണിനിരക്കുന്ന ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ സൂപ്പർ കിംഗ്സ് ടീം ക്യാപ്റ്റനാണ് ഡുപ്ലെസിസ്. Cricbuzz റിപ്പോർട്ടനുസരിച്ച് ഓഗസ്റ്റ് 10ന് മുമ്പ് ലീഗിലെ 6 ഫ്രാഞ്ചൈസികൾക്കും അഞ്ച് കളിക്കാരെ വരെ സൈൻ ചെയ്യാനുള്ള അധികാരം കൊടുത്തിരുന്നു.
ഈ അവസരത്തിലാണ് സൂപ്പർ കിംഗ്സ് ഡുപ്ലെസിയെ തിരികെ ടീമിൽ എത്തിച്ചത്. മാത്രമല്ല ചെന്നൈയുടെ സ്റ്റാർ ഓൾറൗണ്ടറായ മൊയിൻ അലിയെയും സൂപ്പർ കിംഗ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്. തങ്ങളുടെ എക്കാലത്തെയും മികച്ച രണ്ട് സൂപ്പർതാരങ്ങളെയും ടീമിലെത്തിച്ചതോടെ വലിയ ആകാംക്ഷയിൽ തന്നെയാണ് ആരാധകർ. കൂടാതെ ജോബർഗ് സൂപ്പർ കിംഗ്സ് ടീമിന്റെ മെന്ററായി എംഎസ് ധോണി കൂടെ എത്തുമെന്ന വാർത്തകൾ പുറത്തുവരാൻ തുടങ്ങിയതോടെ ആവേശം അണപൊട്ടിയിരിക്കുകയാണ്.
നിലവിൽ യുഎഇ ട്വന്റി20 ലീഗിൽ പേര് നൽകിയിട്ടുണ്ടെങ്കിലും മൊയിൻ അലി സൂപ്പർ കിംഗ്സിനോപ്പം ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ കളിക്കുമെന്ന് ഉറപ്പാണ്. നേരത്തെ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള MI കേപ്ടൗൺ ടീം കംഗിസോ റബാഡ,റാഷിദ് ഖാൻ, ലിയാം ലിവിങ്സ്റ്റൺ,സം കറൻ, ബ്രെവിസ് എന്നിവരെ ടീമിൽ ചേർത്തിരുന്നു. എന്തായാലും ഐപിഎൽ ടീമുകൾ കൊമ്പുകോർക്കാൻ ഇറങ്ങിയതോടെ ആവേശത്തിലാണ് ആരാധകർ.