ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ സൂര്യകുമാറിനെപ്പോലെ തന്നെ ശ്രദ്ധയാകർഷിച്ച ക്രിക്കറ്ററാണ് അക്ഷർ പട്ടേലും. പരമ്പരയിൽ അക്ഷർ ബോളുകൊണ്ടും ബാറ്റുകൊണ്ടും അത്ഭുതങ്ങൾ കാണുകയുണ്ടായി. പ്രത്യേകിച്ച് ബാറ്റിംഗിൽ അക്ഷർ പട്ടേലിനെ കുറച്ചുകണ്ട വിൻഡിസ് ബോളേഴ്‌സ് നന്നായി അനുഭവിക്കുകയുമുണ്ടായി. എന്നാൽ പരമ്പരയ്ക്ക് ശേഷം ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ അക്ഷർ ഉണ്ടാവുമെന്ന് പലരും കരുതി.
പക്ഷെ നടന്നത് മറിച്ചായിരുന്നു. അക്ഷർ പട്ടേൽ ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള 15 അംഗസ്ക്വാഡിൽ സ്ഥാനം അർഹിച്ചിരുന്നു എന്ന നിലപാടാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ പാർഥിവ് പട്ടേലിന്റേത്. ” ഇന്ത്യയുടെ ടീം സെലക്ഷനിൽ എന്നെ ഞെട്ടിച്ച ഒന്ന് അക്ഷർ പട്ടേൽ ഇല്ല എന്നുള്ളതാണ്. ഇന്ത്യൻ ടീം ആവശ്യപ്പെട്ടതൊക്കെ അക്ഷർ പട്ടേൽ ഇതുവരെ ചെയ്തിട്ടുണ്ട്. എന്നിട്ടും സ്‌ക്വാഡിൽ ഇടം ലഭിക്കാത്തത് നിർഭാഗ്യകരം തന്നെയാണ്.
” പാർഥിവ് പട്ടേൽ പറയുന്നു. “കഴിഞ്ഞ ലോകകപ്പിൽ അശ്വിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. ഇത്തവണ ഓസ്ട്രേലിയയിൽ ഓഫ് സ്പിന്നിന്റെ ആവശ്യം വന്നാൽ ഇന്ത്യക്ക് ദീപക് ഹൂഡ എന്നൊരു ചോയ്സ് ഉണ്ടല്ലോ. അതുകൊണ്ടുതന്നെ ജഡേജയ്ക്ക് ഒരു ബാക്കപ്പ് എന്ന നിലയിൽ അക്ഷർ പട്ടേലിനെ ടീമിൽ എടുക്കേണ്ടതായിരുന്നു.”- പാർഥിവ് കൂട്ടിച്ചേർത്തു.
ഇതോടൊപ്പം സ്ക്വാഡിൽ 3 സീമർമാരെയും നാലു സ്പിന്നർമാരെയും ഇന്ത്യ ഉൾപ്പെടുത്തിയതിലും പാർഥിവ് തന്റെ സംശയം പ്രകടിപ്പിച്ചു. “യുഎഇയിലെ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ നാല് സ്പിന്നർമാരെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് അത്ഭുതമാണ്. മാത്രമല്ല മൂന്ന് സീമർമാർ സ്ക്വാഡിൽ ഉള്ളൂ. അവിടെയാണ് കുറവ് വന്നിരിക്കുന്നത്. ഐപിഎല്ലിലടക്കം യുഎഇ പിച്ച് സീമർമാരെ പിന്തുണക്കുന്നത് നമ്മൾ കണ്ടതാണ്.”- പാർഥിവ് പറഞ്ഞുവയ്ക്കുന്നു. എന്തായാലും വരുന്ന ഏഷ്യാ കപ്പ് ഇന്ത്യയുടെ ടീം സെലക്ഷൻ വലിയ ചർച്ചയായിട്ടുണ്ട്.