ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ക്ഷാമമുള്ളത് യോർക്കറുകൾ എറിയുന്ന സീമർമാർക്കായിരുന്നു. സ്വിങ് ബോളർമാർ സുലഭമായ സമയത്തുപോലും 150 സ്പീഡിൽ ബോൾ എറിയുന്ന ക്രിക്കറ്റർമാരെ കണ്ടെത്താൻ ഇന്ത്യ വിഷമിച്ചിരുന്നു. എന്നാൽ ഇതിനു വിരാമമിട്ടുകൊണ്ടായിരുന്നു ജസ്പ്രീത് ബുംറ എന്ന ഗുജറാത്തുകാരൻ ക്രിക്കറ്റിലേക്ക് എത്തിയത്.
2013ൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ആദ്യ ഓവർ എറിയുമ്പോൾ ബുമ്ര ആരുംതന്നെ ആയിരുന്നില്ല. കൃത്യമായി ലൈൻ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരു ബോളർ മാത്രം. എന്നാൽ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ പുറത്താക്കി ബുമ്ര തന്റെയുള്ളിലെ സ്പാർക് വെളിപ്പെടുത്തി. പിന്നീടങ്ങോട്ട് ബുമ്രയുടെ കരിയറിലുണ്ടായ മുന്നേറ്റങ്ങൾ വളരെ പെട്ടെന്നായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ ബുമ്രയെ 2016ൽ ഇന്ത്യയുടെ ദേശീയ ടീമിലെത്തിച്ചു. വ്യത്യസ്തമായ ബോളിങ് ആക്ഷനായിരുന്നു ബുമ്രയുടെ പ്രത്യേകത. അദ്ദേഹത്തിന്റെ വേരിയേഷനുകൾ കണ്ടെത്തുന്നതിൽ ബാറ്റർമാർ നന്നേ പരാജയപ്പെടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. മറ്റു ബോളർമാരെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം ഓടിവന്ന് കൈ നേരെ മുകളിലേക്കാഞ്ഞുള്ള ആ ബോളിംഗ് രീതി പല ബാറ്റർമാരെയും അത്ഭുതപ്പെടുത്തി. ഒപ്പം യോർക്കറുകൾ സ്ഥിരതയോടെ എറിയാനുള്ള കഴിവും ബുമ്രയെ ഇന്ത്യയുടെ മുൻനിര ബോളറാക്കി.
ഇതുവരെ ഇന്ത്യൻ ടീമിനായി 30 ടെസ്റ്റുകളിൽ നിന്ന് 128 വിക്കറ്റുകളും 70 ഏകദിന മത്സരങ്ങളിൽ നിന്ന് 119 വിക്കറ്റുകളും 57 ട്വന്റി20കളിൽ നിന്ന് 67 വിക്കറ്റുകളും ബുമ്ര നേടിയിട്ടുണ്ട്. നിലവിൽ പരിക്കുമൂലം ഏഷ്യാകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ബുമ്ര ട്വന്റി20 ലോകകപ്പിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും വരുന്ന ഏഷ്യകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടമാണ് ബുമ്ര.