ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ടതിൽവച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ് മഹേന്ദ്രസിംഗ് ധോണി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്രിക്കറ്റിലേക്ക് ഒരുപാട് പുതിയ ട്രിക്കുകളും മറ്റും ധോണി സംഭാവന ചെയ്തിട്ടുണ്ട്. വിക്കറ്റിന് പിന്നിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരുപാട് നേട്ടങ്ങൾ കൈവരിച്ചത്, ധോണിയുടെ കരിയറിലെ വിജയത്തിന്റെ ഒരു പ്രധാനകാരണമാണ്. ജോസ് ബട്ട്ലർപോലെയുള്ള നിലവിലെ വിക്കറ്റ് കീപ്പർ മാതൃകയാക്കുന്നത് ധോണിയെ തന്നെയാണ്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ റാഷിദ് ലത്തീഫ്. ധോണി സ്റ്റമ്പിന് പിന്നിൽ അത്ര മികച്ച കളിക്കാരനല്ല എന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ ശ്രമിക്കുകയാണ് റാഷിദ് ലത്തീഫ്. ” ധോണി ഒരു ബാറ്റർ-വിക്കറ്റ് കീപ്പർ ആയിരുന്നു. അദ്ദേഹം വലിയൊരു കളിക്കാരനുമാണ്. പക്ഷേ കണക്കുകൾ പരിശോധിക്കുമ്പോൾ വിക്കറ്റിന് പിന്നിൽ ധോണി അത്ര വലിയ വിജയമല്ല.
തനിക്ക് വന്ന ക്യാച്ചുകളിൽ 21 ശതമാനമാണ് അയാൾ നഷ്ടപ്പെടുത്തിയിരിക്കുന്നത്. അത് വലിയൊരു ശതമാനമാണ്”- ലത്തീഫ് പറയുന്നു. എന്നിരുന്നാലും വിക്കറ്റ് കീപ്പർമാർ ചെയ്ത നല്ല പ്രകടനങ്ങൾ ഈ കണക്കുകൾകൊണ്ടൊന്നും ഇല്ലാതാവുന്നില്ല എന്ന് ലത്തിഫ് പറയുന്നു. ധോണിയുടെ അതേസമയത്ത് കളിച്ച മറ്റ് ക്രിക്കറ്റർമാരുടെ കണക്കുകളും ലത്തിഫ് സൂചിപ്പിക്കുന്നുണ്ട്. “ആദം ഗിൽക്രിസ്റ് 11% ക്യാച്ചുകളാണ് കൈവിട്ടിട്ടുള്ളത്.
മാർക്ക് ബൗച്ചർ നല്ല വിക്കറ്റ് കീപ്പർ ആയിരുന്നു. ടിം പെയിൻ നന്നായി തുടങ്ങിയെങ്കിലും അവസാനസമയത്ത് കുറച്ചധികം ക്യാച്ചുകൾ നഷ്ടപ്പെടുത്തി. ” ലത്തീഫ് കൂട്ടിച്ചേർത്തു. അവസാന പതിനഞ്ച് വർഷങ്ങളിലെ കീപ്പർമാരുടെ ലിസ്റ്റ് പരിശോധിച്ചാൽ ഡികോക്കാണ് ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്നാണ് ലത്തിഫ് പറയുന്നത്. മൂന്നു ഫോർമാറ്റിലും വിക്കറ്റ്കീപ്പറായ ഡികോക്ക് ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാറുമുണ്ട്.