സ്വിങ്ങിങ് ബോളുകൾ എന്നത് എന്നും ഒരത്ഭുതം തന്നെയാണ്. ബാറ്ററെ പറ്റിച്ചു കുതറി തിരിഞ്ഞുവരുന്ന ഇൻസിംഗറുകളും കുറ്റിപിഴുതെടുക്കുന്ന ഔട്ട്സ്വിങ്ങറുകളുമൊക്കെ ക്രിക്കറ്റിന്റെ ഭംഗി തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് സ്വിങ് ബോളർമാർ ഉണ്ടായിട്ടുണ്ട്. പ്രവീൺകുമാർ, ആർ പി സിങ് തുടങ്ങി നിലവിൽ ദീപക് ചഹറും ഭൂവനേശ്വർ കുമാറുമൊക്കെ ബോളുകൾ ഇരുവശങ്ങളിലേക്കും ചലിപ്പിക്കുന്ന ബോളർമാർ ആണ്. എന്നാൽ ഇവരുടെയൊക്കെ തലതൊട്ടപ്പനായ ബോളറായിരുന്നു ഇന്ത്യയുടെ സ്വന്തം ഇർഫാൻ പത്താൻ.
ഇന്ത്യയ്ക്കായി 2003ലായിരുന്നു ഈ ഗുജറാത്ത്കാരൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു കൃത്യതയുള്ള ജനുവിൻ ബോളറായാണ് ഇർഫാൻ ടീമിലെത്തിയത്. എന്നാൽ പിന്നീട് ഇർഫാൻ ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു. സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റൻ ഇർഫാൻ പത്താന്റെ കഴിവ് തിരിച്ചറിഞ്ഞ് സഹായിച്ചു. അതോടെ ഇർഫാൻ കഠിനപ്രയത്നത്തിലൂടെ ഒരു ഓൾ റൗണ്ടറായി മാറി.
ഇന്ത്യക്കുപുറമേ മിഡിൽസെക്സിനായും ഐപിഎല്ലിൽ പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നീ ടീമുകൾക്ക് വേണ്ടിയും ഇർഫാൻ കളിക്കുകയുണ്ടായി. 2007ലെ പ്രാഥമിക ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ പ്രധാന ബോളറായിരുന്നു പത്താൻ. ന്യൂബോളിൽ അത്ഭുതം കാട്ടാനുള്ള ഇർഫാന്റെ കഴിവ് ചെറുതൊന്നുമായിരുന്നില്ല.
29 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകളും, 120 ഏകദിനങ്ങളിൽ നിന്ന് 173 വിക്കറ്റുകളും, 24 ട്വന്റി20കളിൽ നിന്ന് 28 വിക്കറ്റുകളുമാണ് ഇർഫാന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്പാദ്യം. എന്നിരുന്നാലും പലപ്പോഴും ഫോമില്ലാതെ പത്താൻ ടീമിന് അകത്തും പുറത്തുമായി നിലകൊണ്ടു. ബാറ്റിംഗിൽ മികവ് കാട്ടിയിട്ടും പത്താന്റെ സ്ഥിരത പലപ്പോഴും ചോദ്യചിഹ്നമായിരുന്നു.