കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനോടേറ്റ ദയനീയ പരാജയം ഇന്ത്യയെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചത്. വലിയ പ്രതീക്ഷയോടെ മൈതാനത്തിറങ്ങിയ ഇന്ത്യയുടെ നട്ടെല്ലൊടിച്ചത് പാകിസ്ഥാന്റെ ഇടംകയ്യൻ സീമറായ ഷാഹിൻ അഫ്രീദിയായിരുന്നു. രോഹിത് ശർമയെയും കെഎൽ രാഹുലിനെയും വീഴ്ത്തി അഫ്രീദി നൽകിയ തുടക്കം മത്സരത്തിലുടനീളം പാകിസ്ഥാൻ മുതലെടുത്തു. എന്നാൽ ഈ ഏഷ്യാകപ്പിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ താരങ്ങൾ അഫ്രീദിയെ ഭയക്കേണ്ട കാര്യമില്ല എന്നാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ഡാനിഷ് കനേറിയ പറയുന്നത്.
“ഷാഹിൻ അഫ്രീദിയെ ഭയക്കേണ്ട ആവശ്യം ഇന്ത്യൻ ബാറ്റർമാർക്കില്ല. കാരണം രോഹിത് ശർമയും കോഹ്ലിയുമൊക്കെ ലോകോത്തര നിലവാരമുള്ള ബാറ്റർമാർ തന്നെയാണ്. ഷാഹിൻ അഫ്രീദി കൂടുതലായും ബാറ്റർമാരുടെനേരെ സ്വിങ് ചെയ്തുവരുന്ന ഫുള്ളർ ബോളുകളാണ് എറിയാറുള്ളത്. അതിനെകുറിച്ച് പൂർണബോധ്യത്തോടെ കളിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.”- ഡാനിഷ് കനേറിയ പറഞ്ഞു.
“അഫ്രീദിയുടെ ബോൾ ശരീരത്തിലേക്ക് സിംഗ് ചെയ്തു വരുമെന്നതിനാൽ LBW ആവാനുള്ള സാധ്യതയുണ്ട്. കാൽ കൂടുതലായി ഉപയോഗിക്കാതെ ശരീരത്തിനോട് ചേർന്നരീതിയിൽ മൃദുലമായ ഷോട്ടുകൾ കളിച്ച് ഈ ബോളുകളെ പരിഹരിക്കാനാവും. കൂടാതെ സൂര്യകുമാർ യാദവിന്റെ ഫ്ലിക്ക് ഷോട്ടുകളും ഷാഹിൻ അഫ്രീദിക്കെതിരെ വളരെ നിർണായകമാണ്” – കനേറിയ കൂട്ടിച്ചേർത്തു.
ഈ മാസം 28നാണ് ഏഷ്യാകപ്പിൽ ഇന്ത്യ പാകിസ്താനോട് ഏറ്റുമുട്ടുക. നിലവിൽ ഇരുടീമുകളും ശക്തമാണ് എന്നതിനാൽതന്നെ മത്സരം മുറുകും എന്നതുറപ്പാണ്. ഷാഹിൻ അഫ്രീദിക്കെതിരെ കഴിഞ്ഞ മത്സരത്തിനുള്ള പ്രതികാരം ഇന്ത്യൻ ടീം വീട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.