ക്രിക്കറ്റിന്റെ 2007 കാലം. ഓസ്ട്രേലിയൻ പ്രതാപത്തിന്റെ എല്ലാ കോണുകളും ലോകക്രിക്കറ്റിൽ അലയടിച്ചു നിന്ന സമയം. ഒരു ടീമിലെ ഒരു കളിക്കാരൻ പേടിസ്വപ്നമാവാറുണ്ട്, എന്നാൽ ഒരു ടീമിലെ എല്ലാവരും മാച്ച് വിന്നർമാരാവുമ്പോൾ….. ആ സമയത്ത് മാത്യു ഹെയ്ഡനും ആൻഡ്രൂ സൈമൺസിനും റിക്കി പോണ്ടിങ്ങിനുമൊപ്പം എഴുതിച്ചേർത്ത പേരായിരുന്നു ആദം ഗിൽക്രിസ്റ്റിന്റെത്. ചീറിപ്പാഞ്ഞു വരുന്ന ബോളുകൾ ഇടതുവശത്തേക്ക് ചെരിഞ്ഞ് സുന്ദരമായ സ്ലോഗ് സ്വീപ്പിലൂടെ സിക്സർ പായിക്കുന്ന ഒരു മെഷീൻ.
1996ൽ ഓസ്ട്രേലിയൻ ടീമിനുവേണ്ടി ബാറ്റെന്തിയത് മുതൽ ഗില്ലി ലോകക്രിക്കറ്റിന്റെ സ്വന്തമായിരുന്നു. മുത്തയ്യ മുരളീധരനടക്കം ലോകം കണ്ട പല ലെജൻഡ് ബോളർമാരുടെയും പേടിസ്വപ്നമായി ഗില്ലി മാറിയിരുന്നു. അന്താരാഷ്ട്രക്രിക്കറ്റിൽ ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി മാറാൻ ഗില്ലിയ്ക്ക് വേണ്ടിവന്നത് കേവലം കുറച്ചുനാളുകൾ മാത്രമായിരുന്നു. 96 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 379 ക്യാച്ചുകളും 37 സ്റ്റമ്പിങ്ങുകളും, 287 ഏകദിനങ്ങളിൽ നിന്ന് 417 ക്യാച്ചുകളും 55 സ്റ്റമ്പിങ്ങുകളും.
അങ്ങനെ മൊത്തത്തിൽ വിക്കറ്റിന് പിന്നിൽ ഒരു ഗില്ലി സ്വാഗ് ആയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുംമാറി അധികം ടീമുകളിൽ ഗിൽക്രിസ്റ്റ് കളിച്ചിട്ടില്ല. ന്യൂ സൗത്ത് വെയിൽസിലും വെസ്റ്റേൺ ഓസ്ട്രേലിയയിലും തുടങ്ങി പിന്നീട് ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സിനെ ഗില്ലി കിരീടം ചൂടിച്ചിരുന്നു. ചരിത്രത്തിന്റെ താളുകളിൽ ഗിൽക്രിസ്റ് ഒരു പാഠപുസ്തകം തന്നെയായിരുന്നു..
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സേവാഗിനെ കണ്ടിരുന്ന അതേ രീതിയിലായിരുന്നു ലോകക്രിക്കറ്റ് ഗില്ലിയെ കണ്ടിരുന്നത്. സിംഗിൾകളും ഡബിൾകളും ഇഷ്ടമില്ലാതെ ബൗണ്ടറികളെ മാത്രം സ്നേഹിച്ച ക്രിക്കറ്ററായിരുന്നു ഗില്ലി. 2008ൽ ഇന്ത്യക്കെതിരെ അവസാനമത്സരം കളിക്കുമ്പോൾ ഗില്ലിയ്ക്ക് നേടാനാവാത്തതായി ഒന്നുംതന്നെ ക്രിക്കറ്റിൽ ഉണ്ടായിരുന്നില്ല. ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ പട്ടികയിൽ ഇന്നും ഒന്നാമനാണ് ഈ ഡൈനാമിറ്റ്.