ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഇന്ത്യൻ മുൻക്യാപ്റ്റൻ വിരാട് കോഹ്ലി തിരികെവന്നു എന്നതാണ് ഏഷ്യാകപ്പ് സ്ക്വാഡിലെ ഏറ്റവും വലിയ ആകർഷണീയത. ഒപ്പം പരിക്കുമൂലം കുറച്ചധികം നാളുകളായി ഇന്ത്യൻ ടീമിനൊപ്പം കളിക്കാൻ സാധിക്കാതിരുന്ന കെ എൽ രാഹുൽ സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പിന് മുൻപുള്ള പരിശീലനമായും ഏഷ്യാകപ്പിനെ പരിഗണിക്കുന്നുണ്ട് ബിസിസിഐ. രോഹിത് ശർമ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നീ ത്രയങ്ങളുടെ മികച്ച പ്രകടനമാണ് ഏഷ്യാകപ്പിൽ പ്രതീക്ഷിക്കുന്നതും.
ഇന്ത്യയുടെ മധ്യനിരയിൽ സൂര്യകുമാറും റിഷഭ് പന്തും ഹർദിക് പാണ്ട്യയും ദിനേശ് കാർത്തിക്കുമാവും കളിക്കുക. എന്നിരുന്നാലും ഇതിൽ പലരെയും ബെഞ്ചിലിരുത്തേണ്ടിവരും എന്നത് ഒരു പ്രശ്നം തന്നെയാണ്. സ്ക്വാഡിലെ ഞെട്ടിക്കുന്ന കാര്യം പലരും പ്രതീക്ഷിച്ച ഇന്ത്യയുടെ രണ്ടു വെടിക്കെട്ട് ബാറ്റർമാർ ടീമിലില്ല എന്നതാണ്. സഞ്ജു സാംസണും ഇഷാൻ കിഷനും.
സമീപകാലത്ത് തങ്ങൾക്ക് കിട്ടിയ അവസരങ്ങൾ സഞ്ജു സാംസണും കിഷനും അങ്ങേയറ്റം ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇരുവർക്കും വലിയ രീതിയിൽ അവസരങ്ങൾ നൽകുന്നതിൽ ഇന്ത്യൻ ടീം പരാജയപ്പെടുകയും ചെയ്തിരുന്നു. ഇഷാൻ കിഷനെ പല മത്സരങ്ങളിലും മാറ്റിനിർത്തിയപ്പോൾ സഞ്ജു സാംസണ് പലപ്പോഴും തന്റെ കഴിവ് പുറത്തെടുക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നില്ല.
നിലവിൽ ഇവർക്കൊപ്പം സ്ക്വാഡിൽ ഇല്ലാത്ത മറ്റൊരു ബാറ്റർ ശ്രേയസ് അയ്യരാണ്. വിൻഡീസിനെതിരെ ആദ്യ മത്സരങ്ങളിൽ മോശം ഫോമിൽ തുടർന്നെങ്കിലും അവസാന ട്വന്റി20യിൽ ശ്രെയസ് അയ്യർ ഫോം കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ശ്രേയസ് അയ്യരെ ഇന്ത്യ റിസർവ്ഡ് പ്ലയേഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് മികച്ച ക്രിക്കറ്റർമാർക്കിടയിൽ നിന്നാണ് ഈ സ്ക്വാഡ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത് എന്നത് പ്രശംസനീയമാണ്.