വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ 4-1ന് വിജയം കൈവരിച്ചതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കോച്ച് രാഹുൽ ദ്രാവിഡിനുമടക്കം ഒരുപാട് ആശംസാപ്രവാഹങ്ങളാണ് വന്നുചേരുന്നത്. മത്സരത്തിന്റെ എല്ലാ മേഖലയിലും മികവുകാട്ടിയ ഇന്ത്യൻ ടീം എന്തുകൊണ്ടും വലിയ ടൂർണമെന്റുകൾക്ക് സജ്ജമാണ് എന്നത് വ്യക്തമായിരിക്കുന്നു.
ഇന്ത്യൻ ടീമിന് സമീപകാലത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം അവരുടെ ബാറ്റിങ്ങിലെ വർധിച്ച ആക്രമണോത്സുക തന്നെയാണ്. ഒന്നാം നമ്പർ മുതൽ 11ആം നമ്പർ ബാറ്റർവരെ തെല്ലും ഭയമില്ലാതെ ബാറ്റ് വീശുന്നത് ഇന്ത്യൻ ടീമിന് ഗുണം ചെയ്തിട്ടുണ്ട്. ഈ ആക്രമണോത്സുക ബാറ്റിങ്ങിനെ പ്രശംസിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബാ കരീമാണ്. വിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഈ പ്രകടനം പ്രശംസനീയമാണ് എന്ന് സാബാ കരീം പറയുന്നു.
“ഇന്ത്യൻ ടീമിന്റെ പ്രധാനപ്രശ്നം ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റ് തന്നെയായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലടക്കം ഇത് ഇന്ത്യയെ ബാധിക്കുന്നത് നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ രോഹിത് ശർമ നായകനെന്ന നിലയിൽ ഇന്ത്യൻ ബാറ്റർമാരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഒപ്പം അവരെ ആക്രമണോത്സുകമായി കളിക്കാൻ സജ്ജരാക്കുകയും ചെയ്തിരിക്കുന്നു.
നിലവിലെ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ പോലും അതിനു തെളിവാണ്. ഒരുകൂട്ടം വിക്കറ്റുകൾ നഷ്ടപ്പെട്ടാലും അറ്റാക്കിങ് രീതിയിൽ തന്നെ കളിയെ സമീപിക്കാൻ നിലവിലെ ഇന്ത്യൻ കളിക്കാർക്ക് സാധിക്കുന്നത് പ്രശംസനീയം തന്നെയാണ്. ” സാബാ കരീം പറയുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. അതാവാം ഇന്ത്യയുടെ ഈ ബാറ്റിങ് ശൈലിയ്ക്കുള്ള പ്രധാന കാരണമെന്നും കരീം പറയുന്നു.