ഇന്ത്യൻ നിരയിൽ പലപ്പോഴും വേണ്ടവിധത്തിൽ അവസരം ലഭിക്കാതെ പോയ ബാറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ ടീമിനൊപ്പം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജു, തനിക്ക് മുൻനിരയിൽ കളിച്ച് വമ്പൻ സ്കോർ നേടാനാകുമെന്ന് പലതവണ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ പലപ്പോഴും നാലും അഞ്ചും നമ്പറിലാണ് സഞ്ജു ബാറ്റിംഗിന് ഇറങ്ങാറുള്ളത്.
വിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ രോഹിത് ശർമയുടെ അഭാവത്തിൽ സഞ്ജു സാംസണെ ഓപ്പണറായി ഇറക്കാത്തതിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ട്വിറ്ററിൽ അടക്കം വ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമയും സൂര്യകുമാർ യാദവുമായിരുന്നു കഴിഞ്ഞ കുറച്ചു ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത്. അഞ്ചാം ട്വന്റി20യിൽ ഇരുവരും വിശ്രമമെടുത്തു. ഈ സാഹചര്യത്തിൽ ഇഷാൻ കിഷനൊപ്പം മികച്ച ഓപ്പണറായ സഞ്ജു തന്നെ ഇറങ്ങും എന്ന് എല്ലാവരും പ്രതീക്ഷിച്ചു.
എന്നാൽ ശ്രേയസ് അയ്യരായിരുന്നു കിഷനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്തത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും സ്പെഷ്യലിസ്റ്റായ ശ്രെയസ് അയ്യരെ ഓപ്പണിങ്ങിറക്കി സഞ്ജുവിന്റെ നല്ലൊരു അവസരം നശിപ്പിച്ച മത്സരമായാണ് ആരാധകർ അഞ്ചാം ട്വന്റി20യെ കാണുന്നത്. നാലാം ട്വന്റി20യിൽ സഞ്ജുവിനെ ഇതേ നിലയിൽ ബാറ്റിങ്ങിന് ഇറക്കിയെങ്കിലും തനിക്ക് ആവുന്നവിധം മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്.
എന്നാൽ ഇത്ര നല്ല ഒരു അവസരത്തിൽ സഞ്ജുവിനെ തന്റെ കഴിവ് പുറത്തെടുക്കാൻ സമ്മതിക്കാത്തതിൽ വലിയ പ്രതിഷേധം ആരാധകർ രേഖപ്പെടുത്തി. സഞ്ജുവിനെ ഇന്ത്യയ്ക്ക് ആവശ്യമില്ലേയെന്നും സഞ്ജുവിനോട് ബിസിസിഐക്ക് വെറുപ്പാണ് എന്നുമുള്ള ട്വീറ്റുകളാണ് പ്രചരിച്ചത്. എന്തായാലും വരാനിരിക്കുന്ന സിംബാബ്വേയ്ക്ക് എതിരായ പരമ്പരയിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.