കോവിഡ് എന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ക്രിക്കറ്റിണെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഒരുപാട് മത്സരങ്ങൾ ഉപേക്ഷിക്കുകയും, കളിക്കാർ കൃത്യമായ ബയോബബിൾ പരിമിതികൾ പാലിക്കുകയും ചെയ്തിരുന്നു. എല്ലാ മത്സരത്തിന് മുമ്പും കൃത്യമായ RTPCR ടെസ്റ്റും, ഇതിൽ പോസിറ്റീവാവുന്നവരെ ടീമിൽ നിന്ന് ഒഴിവാക്കുന്നതും ക്രിക്കറ്റിൽ ഇപ്പോളും കാണുന്ന കാഴ്ചയാണ്.. എന്നാൽ ഈ കഥയ്ക്ക് മാറ്റം വന്നിരിയ്ക്കുകയാണ് കോമൺവെൽത്ത് ഗെയിംസിലെ വനിതാ ക്രിക്കറ്റ് ഫൈനലിൽ.
ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിന് മുമ്പ് ഓസ്ട്രേലിയൻ ക്രിക്കറ്ററായ റ്റാലിയ മാക്ഗ്രാത്ത് കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ഫൈനലിൽ മാക്ഗ്രാത്തിനെ കളിക്കാൻ അനുവദിച്ചതാണ് ഇപ്പോൾ എല്ലാവരിലും അത്ഭുതമുണ്ടാക്കിയിരിക്കുന്നത്. മത്സരത്തിന് മുമ്പ് മക്ഗ്രാത്തിന് കോവിഡ് പോസിറ്റീവായെന്നും എന്നാൽ ചികിത്സയ്ക്ക് ശേഷം കളിക്കാൻ അനുവദിച്ചു എന്നുമായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തുവിട്ട വിവരങ്ങൾ. ഇക്കാര്യത്തിലെ സംശയസാഹചര്യത്തെ തുടർന്ന് മത്സരം അല്പസമയം വൈകിയാണ് തുടങ്ങിയതും.
മത്സരത്തിനിടെ മാക്ഗ്രാത്ത് മാസ്ക് ധരിച്ച് ഒറ്റക്കിരിക്കുന്ന ഫോട്ടോയും ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു. “റ്റാലിയ മക്ഗ്രാത്തിന് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ മറ്റു കളിക്കാരിൽ നിന്ന് സാമൂഹ്യ അകലം പാലിച്ചിരിക്കുകയാണ്. എന്നിരുന്നാലും അവർ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു ഓസ്ട്രേലിയൻ ടീമിൽ കളിക്കുന്നതാണ് ” എന്നായിരുന്നു ശീർഷകം.
എന്തായാലും മക്ഗ്രാത്ത് 4ആം നമ്പർ ബാറ്ററായി ക്രീസിലെത്തി. പക്ഷെ 2 റൺസ് നേടാനേ മക്ഗ്രത്തിനായുള്ളൂ. 12ആം ഓവറിൽ രാധ യാഥവിന്റെ ഒരു കിടിലൻ ക്യാച്ചിലൂടെ മക്ഗ്രാത്ത് കൂടാരം കയറുകയായിരുന്നു. ക്രീസിൽ നിന്ന സമയത്ത് മാക്ഗ്രത്ത് മാസ്ക് ഉപയോഗിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്തായാലും മാക്ഗ്രത്തിനെ കളിപ്പിച്ചതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിട്ടുണ്ട്.