മുൻ ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലിക്ക് തുടർച്ചയായി വിശ്രമമനുവദിക്കുന്നത് സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയരുന്നുണ്ട്. ഏഷ്യാകപ്പിനായി മികച്ച ഒരു ടീം കണ്ടെത്താൻ ഇന്ത്യ പരീക്ഷണങ്ങൾ നടത്തുമ്പോൾ വിരാടിനെ പോലെ ഫോമിലല്ലാത്തവർക്കും അവസരങ്ങൾ നൽകേണ്ടതുണ്ട് എന്നാണ് മുൻക്രിക്കറ്റർമാർ പറയുന്നത്.
വിൻഡീസിനെതിരായ പരമ്പരയിൽ എന്തിനാണ് വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതെന്ന് തനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. വിരാട് കോഹ്ലി അത്ര മികച്ച ഫോമിലല്ലാത്തപക്ഷം അയാൾക്കാവശ്യം കുറച്ചധികം ഗെയിം ടൈമാണ് എന്നാണ് ചോപ്ര പറഞ്ഞുവയ്ക്കുന്നത്. അങ്ങനെ വിരാടിനെ കുറച്ച് മത്സരങ്ങളിലെങ്കിലും കളിപ്പിക്കുന്നതിലൂടെ അയാൾക്ക് ഫോം വീണ്ടെടുക്കാനും ഏഷ്യാകപ്പിൽ മികച്ച രീതിയിൽ കളിക്കാനുമാകുമെന്ന് ചോപ്ര പറയുന്നു.
“വിരാടിന്റെ സമീപകാല പ്രകടനങ്ങളാണ് യഥാർത്ഥത്തിൽ നമുക്ക് പ്രശ്നം തോന്നുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം അയാൾ കുറച്ചു മത്സരങ്ങളെ കളിച്ചിട്ടുള്ളൂ എന്നതുതന്നെയാണ്. കൂടുതൽ മത്സരങ്ങളും വിരാടിന് കളിക്കാൻ സാധിച്ചില്ല. രോഹിതും സൂര്യകുമാറും പോലും പല മത്സരങ്ങളിലും റൺസ് നേടാറില്ല. പക്ഷേ അവർ തുടർച്ചയായി കളിക്കുന്നതിനാൽ അവരുടെ നല്ല ഇന്നിംഗ്സുകൾ നമ്മൾ ഓർത്തുവയ്ക്കും. വിരാട് ടീമിലേക്ക് എത്തും എന്നതിൽ യാതൊരു സംശയവുമില്ല.
പക്ഷേ അയാൾ വിൻഡീസിനെതിരായ പരമ്പരയിലെങ്കിലും കളിക്കേണ്ടതായിരുന്നു.” – ചോപ്ര പറയുന്നു. വിരാടിനൊപ്പം സൂര്യകുമാറിന്റെ ഓപ്പണിംഗ് സ്ഥാനം സംബന്ധിച്ച് തന്റെ വിരക്തി ചോപ്ര അറിയിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവിനെ നാലാം നമ്പറിൽ തന്നെ ഇറക്കുന്നതാവും ഉത്തമമെന്ന് ചോപ്ര കൂട്ടിച്ചേർക്കുന്നു. ഏഷ്യാകപ്പിൽ അത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് ചോപ്രയുടെ അഭിപ്രായം.