ഇന്ത്യയുടെ ഓപ്പണിങ് വെടിക്കെട്ടുവീരനായിരുന്ന ഇഷാൻ കിഷനെ ഇപ്പോൾ ടീമിൽപോലും കാണാതായിരിക്കുന്നു. വിൻഡീസിനെതിരെ ഫ്ലോറിഡയിൽ നടന്ന നാലാം ട്വന്റി20യിലും കിഷന് ടീമിലിടം കണ്ടെത്താനായില്ല. ഇന്ത്യ പ്രധാനമായും മൂന്നു ചേഞ്ച്‌കൾ ടീമിൽ വരുത്തിയെങ്കിലും സ്പെഷലിസ്റ്റ് ഓപ്പണറായ കിഷന് ടീമിൽ എത്താൻ സാധിച്ചില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററിലടക്കം ഉണ്ടായിരിക്കുന്നത്.
ഇപ്പോൾ തുടർച്ചയായി ആറാമത്തെ ട്വന്റി20 മത്സരമാണ് ഇഷാൻ കിഷന് നഷ്ടമായിരിക്കുന്നത്. ഏഷ്യാകപ്പിലും വരുന്ന ട്വന്റി20 ലോകകപ്പിലും കിഷൻ അഭിവാജ്യഘടകമാകുമെന്ന് വിലയിരുത്തിയിരുന്നവരെ നിരാശപ്പെടുത്തുന്ന രീതിയിലാണ് ടീം സെലക്ഷൻ നടക്കുന്നത്. നിരന്തരമായി മത്സരങ്ങൾ നഷ്ടപ്പെടുന്നതുമൂലം ഏഷ്യാകപ്പിലെയും ലോകകപ്പിലെയും കിഷന്റെ സ്ഥാനം സംബന്ധിച്ച് വലിയ ചോദ്യചിഹ്നം ഉയർന്നിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലടക്കം ആരാധകരുടെ ഒരുപാട് പ്രതിഷേധ ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ‘ജസ്റ്റിസ് ഫോർ ഇഷൻ കിഷൻ’ എന്ന ടാഗിലാണ് പ്രതിഷേധ ട്വീറ്റുകൾ ഉയരുന്നത്. ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ കളിക്കാൻ മാത്രമാണോ കിഷനെ ടീമിൽ എടുക്കുന്നത് എന്നതടക്കമുള്ള ചോദ്യങ്ങൾ ട്വിറ്ററിലുടനീളം പ്രചരിച്ചിട്ടുണ്ട്. സഞ്ജു സാംസണെ ഇറക്കിയിട്ടും കിഷനെ ഇറക്കാത്തതിലും പലരും പ്രതിഷേധമറിയിച്ചു.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിലായിരുന്നു കിഷൻ തന്റെ അവസാനമത്സരം കാണിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലടക്കം താരതമ്യേന മികച്ച പ്രകടനം കിഷൻ കാഴ്ചവെക്കുകയുണ്ടായി. എന്നിരുന്നാലും കളിച്ച അവസാന അഞ്ച് ഇന്നിങ്സുകളിൽ മോശം ബാറ്റിംഗ് പ്രകടനം തന്നെയാണ് കിഷനിൽ നിന്നും ഉണ്ടായത്. ഇത്രമാത്രം നല്ല കളിക്കാരുള്ള ടീമിൽ ഒരു മത്സരം പോലും എത്ര നിർണായകമാണ് എന്നതാണ് കിഷന്റെ ടീമിലെ അഭാവം കാണിക്കുന്നത്.