ഇന്ത്യ-വിൻഡീസ് ട്വന്റി20 പരമ്പരയിൽ 2-1ന് ഇന്ത്യ ലീഡ് ചെയ്യുകയാണ് ഇപ്പോൾ. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. മത്സരം ചൂടുപിടിക്കുമ്പോൾ ഇന്ത്യൻ യുവനിര കൂടുതൽ കരുത്തുകാട്ടുന്നുണ്ട്. ആദ്യ മൂന്ന് മത്സരങ്ങൾ കരീബിയൻ മണ്ണിലാണ് നടന്നതെങ്കിൽ നാലും അഞ്ചും മത്സരങ്ങൾ നടക്കുന്നത് യുഎസ്എയിലാണ് എന്നത് പ്രത്യേകതയാണ്. യുഎസിൽ നടക്കുന്ന വെറും പതിമൂന്നാമത്തെ ട്വന്റി20 മത്സരം മാത്രമാണ് ഇതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ യുഎസിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത മൂന്ന് ഇന്ത്യൻ യുവതാരങ്ങളാണ് നിലവിലുള്ളത്. അവരെ നമുക്ക് പരിശോധിക്കാം.
1. സൂര്യകുമാർ യാദവ്
നിലവിലെ ഇന്ത്യൻ ടീമിന്റെ ഒരു യുവ സൂപ്പർസ്റ്റാർ തന്നെയാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യാദവ് ഇതുവരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറിയും വിൻഡീസിനെതിരെ നേടിയ അർത്ഥസെഞ്ച്വറിയുമെല്ലാം സൂര്യകുമാറിന്റെ ടാലെന്റാണ് വ്യക്തമാക്കുന്നതാണ്. എന്നിരുന്നാലും അമേരിക്കൻ മണ്ണിൽ ആദ്യമായാണ് സൂര്യകുമാർ കളിക്കാൻ പോകുന്നത്.
2. ഹർഷൽ പട്ടേൽ
നാലാം ട്വന്റി20യിൽ കളിക്കാൻ ഹർഷൽ പട്ടേൽ തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അങ്ങനെയെങ്കിൽ ഹർഷൽ പട്ടേൽ അമേരിക്കൻ മണ്ണിൽ കളിക്കുന്ന ആദ്യമത്സരമാകും 4ആം ട്വന്റി20. തകർപ്പൻ സ്ലോബോളുകൾ കൊണ്ട് ബാറ്റർമാരെ കുഴപ്പിക്കുന്ന ഹർഷലിന് അമേരിക്കൻ മണ്ണ് എത്രമാത്രം പിന്തുണനൽകുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
3. അർഷദീപ് സിംഗ്
ഇന്ത്യക്കായി കുറച്ചു മത്സരങ്ങളെ കളിച്ചുവുള്ളൂവെങ്കിലും തന്റെ കഴിവ് തെളിയിക്കുന്നതിൽ അർഷദീപ് വിജയിച്ചിട്ടുണ്ട്. യോർക്കറുകളടക്കം നല്ല നിയന്ത്രണത്തോടെ എറിയാൻ അർഷദീപിന് സാധിക്കുന്നുണ്ട്. കൂടാതെ കൃത്യമായി ഹാർഡ് ലെങ്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും അർഷാദീപിന് കഴിയുന്നു.