നിരന്തരമായി ബാറ്റിങ്ങിലും ബോളിങ്ങിലും തുടരെ പരീക്ഷണങ്ങൾ തുടരുകയാണ് ഇന്ത്യൻ ടീം ഇപ്പോൾ. ഏഷ്യാകപ്പും ലോകകപ്പും പോലെയുള്ള വലിയ ടൂർണമെന്റ്കൾക്ക് മുമ്പ് ഒരു കൃത്യമായ അനുപാദം എല്ലാ മേഖലയിലും കണ്ടെത്തുന്നതിനാണ് ഈ പരീക്ഷണങ്ങൾ തുടരുന്നത്. ഇതിൽ പല മുൻ ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ അഭിപ്രായം അറിയിക്കുകയുണ്ടായി. ഇന്ത്യയുടെ ഈ പരീക്ഷണങ്ങൾക്ക് ഇപ്പോൾ മാർഗ്ഗനിർദ്ദേശം നൽകിയിരിക്കുന്നത് മുൻ ഇന്ത്യൻ വിക്കറ്റ്കീപ്പർ സാബാ കരീമാണ്.
ഇന്ത്യയ്ക്കായി വരാൻപോകുന്ന ഏഷ്യാകപ്പിനും ട്വന്റി20 ലോകകപ്പിനുമായി മൂന്നാം നമ്പറിൽ ഒരു ബാക്കപ്പ് ബാറ്ററെ കണ്ടെത്തേണ്ട സമയമായി എന്നാണ് സാബാ കരീം പറയുന്നത്. നിലവിൽ ശ്രേയസ് അയ്യർ 3ആം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുന്നുണ്ടെങ്കിലും അയ്യരുടെ ഫോമിൽ ആരും തൃപ്തരല്ല. പകരമായി ദീപക് ഹൂഡയെ 3ആം നമ്പറിൽ ഇറക്കി പരീക്ഷണങ്ങൾ നടത്തണമെന്നാണ് സാബാ കരീം പറഞ്ഞുവയ്ക്കുന്നത്.
“വിരാട് കോഹ്ലിയുടെ സേവനം ലഭിച്ചുതുടങ്ങുമ്പോൾ അയാൾ ഇന്ത്യൻ ടീമിന്റെ മൂന്നാം നമ്പർ ബാറ്ററായി കളിക്കണം. പക്ഷേ മധ്യനിരയിലെ ബാക്കപ്പ് ബാറ്റർമാരെ സെലക്ടർമാർ ഇപ്പോഴേ നിശ്ചയിക്കേണ്ടതുണ്ട്. ഇപ്പോൾ അവർ ശ്രേയസ് അയ്യരിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ ശ്രെയസിനെ തന്നെ കളിപ്പിക്കട്ടെ. അയാൾ ഫോമിലേക്ക് തിരിച്ചെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണെങ്കിൽ മൂന്നാം നമ്പറിലേക്ക് ദീപക് ഹൂഡയെയാവും ഞാൻ നിർദ്ദേശിക്കുക.
അയാൾ മൂന്നാം നമ്പറിൽ ഫോം കണ്ടെത്തിയാൽ ഇന്ത്യയ്ക്ക് ഉപകാരപ്രദമാകും. മാത്രമല്ല ബോളറായും ഹൂഡയെ ഉപയോഗിക്കാനാവും.” – സാബാ കരീം പറയുന്നു. നിലവിൽ ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി മൂന്നാം നമ്പരിൽ കളിക്കുന്നുണ്ടെങ്കിലും അയാളുടെ ഫോം സംബന്ധിച്ച് വളരെയധികം ആശങ്കകൾ നിലനിൽക്കുന്നു. തുടർച്ചയായി ഷോർട് ബോളുകൾക്ക് മുൻപിൽ പതറുന്ന ശ്രേയസ് അയ്യർ പലപ്പോഴും ഇന്ത്യയ്ക്ക് ബാധ്യതയാകുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തിലൊക്കെയും കണ്ടത്.