കഴിഞ്ഞ കുറച്ച് ട്വന്റി20 മത്സരങ്ങളായി ഇന്ത്യൻ ടീം ഒരുപാട് പരീക്ഷണങ്ങൾ നടത്തിവരുന്നു. ആവേഷ് ഖാന്‍, അര്‍ഷ്ദ്വീപ് തുടങ്ങിയവരെ ഡെത്ത് ബോളർമാരായും സൂര്യകുമാർ യാദവിനെ ഓപ്പണറായുമൊക്കെ ഇറക്കി ഇന്ത്യ പരീക്ഷണങ്ങൾ തുടരുകയാണ്. വരുന്ന ട്വന്റി20 ലോകകപ്പിന് മുമ്പ് ശക്തമായ ഒരു ലൈനപ്പ് കണ്ടെത്താനാണ് ഇന്ത്യ ഈ പരീക്ഷണങ്ങൾക്ക് മുതിരുന്നത് എന്ന് ഉറപ്പാണ്. ഇന്ത്യ ഒാപ്പണിംഗില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തൻറെ അഭിപ്രായം അറിയിച്ചിരിക്കുന്നത് മുൻ ഇന്ത്യൻ താരം ദ്വീപ് ദാസ് ഗുപ്തയാണ്.
ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പണിങ് ജോഡിക്ക് കൃത്യമായി ഒരു ബാക്കപ്പ് വേണം എന്നാണ് ദീപ്ദാസിന്റെ അഭിപ്രായം. നിലവിൽ ഇന്ത്യയുടെ ആദ്യ ചോയ്സായി രോഹിത്-രാഹുൽ സഖ്യം നിലനിൽക്കണമെന്ന് ഗുപ്ത പറയുന്നു. ഇന്ത്യയുടെ ഓപ്പണിംഗ് ബാക്കപ്പായി ഗുപ്ത പറയുന്നത് പൃഥി ഷാ വരണമെന്നാണ്.
” രാഹുലും രോഹിത്തും തന്നെയാണ് ലോകകപ്പ് ടീമിലുള്ള എൻറെ ഓപ്പണിങ് ചോയ്സുകള്‍. എന്നാൽ ഒരു മൂന്നാം ഓപ്പണറായി നമുക്ക് പൃഥ്വി ഷായെ പരിഗണിക്കാവുന്നതാണ്. ഇതുവരെ കിട്ടിയ അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിച്ച ഓപ്പണറാണ് പൃഥ്വി ഷാ. ബാറ്റുചെയ്യുന്ന രീതി വെച്ച് 70ഒാ 80ഒാ റൺസ് നേടാൻ സാധിച്ചില്ലെങ്കിലും ഒരു ഉഗ്രൻ തുടക്കം ഇന്ത്യക്ക് നേടിക്കൊടുക്കാൻ പൃഥ്വി ഷായ്ക്ക് സാധിക്കും. ” – ഗുപ്ത പറയുന്നു.
ഇഷാന്‍ കിഷന്റെ കാര്യത്തിലും തന്റെ കൃത്യമായ നിലപാട് ദീപ്ദാസ് ഗുപ്ത വ്യക്തമാക്കി. ”അദ്ദേഹത്തിൻറെ അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രകടനം എടുത്താൽ വളരെ മെച്ചമേറിയതാണ്. പക്ഷേ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഇഷാന്റെ ഫ്ലോ നഷ്ടപ്പെടുന്നതാണ് കാണാൻ സാധിച്ചത്. അതിനാൽ തന്നെ പൃഥ്വി ഷാ തന്നെയാവും മികച്ച ഓപ്ഷൻ. ”- ഗുപ്ത കൂട്ടിച്ചേർക്കുന്നു.