2023ലെ ഐപിഎല്ലിലേക്കുള്ള മിനിലേലത്തിന്റെ പൂർണമായ വിവരങ്ങൾ പുറത്തുവിട്ട് ബിസിസിഐ. ഡിസംബർ 23ന് കൊച്ചിയിൽ വച്ചാണ് ലേലം നടക്കുന്നത്. ഉച്ചതിരിഞ്ഞ് 2.30 മുതലാവും ലേലം ആരംഭിക്കുക. ഒപ്പം ലേലത്തിനുള്ള കളിക്കാരുടെ അവസാനത്തെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. 991 പേരുടെ ഒറിജിനൽ ലിസ്റ്റിൽ നിന്ന് 405 പേരെയാണ് ലേലത്തിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 273 ഇന്ത്യൻ കളിക്കാരും 132 വിദേശ കളിക്കാരും ഉൾപ്പെടുന്നു.
രാജ്യത്തിനായി കളിച്ചിട്ടുള്ള 119 താരങ്ങളും ദേശീയ ടീമിൽ അണിനിരക്കാത്ത 252 താരങ്ങളും ലിസ്റ്റിലുണ്ട്. നിലവിൽ ടീമുകൾക്ക് 87 സ്ലോട്ടുകളാണ് ലേലത്തിൽ പൂർത്തീകരിക്കാനുള്ളത്. രണ്ട് കോടിയാണ് കളിക്കാരുടെ ഏറ്റവും ഉയർന്ന അടിസ്ഥാന വില. ഒരുപാട് കളിക്കാർ രണ്ടു കോടി അടിസ്ഥാനവിലക്ക് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ മനീഷ് പാണ്ടെ. മായങ്ക് അഗർവാൾ തുടങ്ങിയ 20 ക്രിക്കറ്റർമാർ ഒരുകോടി രൂപയാണ് തങ്ങളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
പൂർണ്ണമായും 26.5 കോടി രൂപയാണ് ഫ്രാഞ്ചൈസികളുടെ പക്കലുള്ളത്. ഇതിൽ 42.25 കോടി രൂപ അവശേഷിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദാണ് ഏറ്റവുമധികം തുക അവശേഷിക്കുന്ന ടീം. മാത്രമല്ല ഈ സീസണിൽ പൂർണമായും അഴിച്ചുപണിയ്ക്കാണ് സൺറൈസേഴ്സ് ശ്രമിക്കുന്നതും. 7.05 കോടി രൂപ മാത്രം കയ്യിലുള്ള കൊൽക്കത്തയാണ് ഏറ്റവും കുറഞ്ഞ തുക അവശേഷിക്കുന്ന ടീം.
എന്തായാലും ഈ മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ ഡിസംബർ 23ന് വലിയ രീതിയിലുള്ള ബിസിനസ് തന്നെ നടക്കുമെന്ന് ഉറപ്പാണ്. കാരണം സാം കരൻ, ബെൻ സ്റ്റോക്സ്, ക്യാമറോൺ ഗ്രീൻ തുടങ്ങിയ വലിയ പേരുകളും ലേലത്തിനുണ്ട്.