ഏഷ്യാകപ്പ് മത്സരങ്ങളുടെ സമയക്രമം പുറത്തുവന്നോടെ വളരെയധികം ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്തയാണ് പുറത്തുവരുന്നതും. ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം ഈ മാസം 28ന് ദുബായിൽ വച്ചാവും നടക്കുക. 2021 ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയ അതേ വേദിയിലാണ് ഈ മത്സരവും നടക്കുക.
ഇന്ത്യയും പാകിസ്ഥാനുമാണ് ഏഷ്യാകപ്പ് ഫൈനലിൽ എത്തുന്നതെങ്കിൽ, മൂന്നുതവണയാണ് പരസ്പരം ഇരുടീമുകളും ഏറ്റുമുട്ടേണ്ടത് എന്നതും ഇത്തവണത്തെ ഏഷ്യാകപ്പിന്റെ പ്രത്യേകത തന്നെയാണ്. അങ്ങനെയെങ്കിൽ മൂന്നാഴ്ചകളിൽ മൂന്നുതവണ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണികൾക്ക് കാണാനാവും. എന്തായാലും ഇക്കാര്യങ്ങളൊക്കെയും ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം വിതറുന്നു.
ആഗസ്റ്റ് 27ന് ദുബായില്‍ നടക്കുന്ന ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് 2022 ഏഷ്യ കപ്പ് ആരംഭിക്കുക. ടൂര്‍ണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ 11 ദുബായിൽ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിലെ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ആകെ 6 രാജ്യങ്ങളാവും ഇത്തവണത്തെ ഏഷ്യാകപ്പിൽ ഏറ്റുമുട്ടുന്നത്.
ഇതിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്ന ടീമുകൾ ടൂർണമെന്റിന് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം 7 30ന് ആയിരിക്കും ആരംഭിക്കുക. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ഏഷ്യാകപ്പിന്റെ പ്രാധാന്യം വളരെ വലുത് തന്നെയാണ്.