ഹൈദരാബാദിനെതിരായ മുംബൈയുടെ രഞ്ജി ട്രോഫി മത്സരത്തിൽ ഒരു തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി അജിങ്ക്യ രഹാനെ. മത്സരത്തിലുടനീളം ഹൈദരാബാദ് ബോളർമാരെ അടിച്ചുതൂക്കിയ രഹാനെ 261 പന്തുകളിൽ 204 റൺസാണ് നേടിയത്. ഇന്നിങ്സിൽ 26 ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളുമാണ് രഹാനെ നേടിയത്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട രഹാനയുടെ ഈ പ്രകടനത്തിൽ ഇന്ത്യൻ സെലക്ടർമാരുടെ തലപുകയുമെന്ന് ഉറപ്പാണ്.
മത്സരത്തിന്റെ ഒന്നാം ദിവസം മുംബൈ 32 ഓവറുകളിൽ 176 ന് 2 വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കുമ്പോഴാണ് രഹാനെ ക്രീസിൽ എത്തിയത്. ശേഷം മൂന്നാം വിക്കറ്റിൽ ജെയ്സ്വാളിനൊപ്പം ചേർന്ന് 206 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രഹാനെ സൃഷ്ടിച്ചു. ജെയ്സ്വാൾ മത്സരത്തിൽ 195 പന്തുകളിൽ 162 റൺസായിരുന്നു നേടിയത്. ജെയ്സ്വാൾ പുറത്തായ ശേഷവും രഹാനെ തന്റെ ഷോട്ടുകൾ ആവർത്തിച്ചു. അങ്ങനെ ആദ്യദിവസം തന്നെ സെഞ്ചുറി നേടാന്‍ രഹാനെയ്ക്ക് സാധിച്ചു.
സർഫറാസ് ഖാനൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ 196 റൺസിന്റെ കൂട്ടുകെട്ട് രഹാനെ ഉണ്ടാക്കി. ഇത് മത്സരത്തിൽ മുംബൈക്ക് മുൻതൂക്കം നൽകി. മത്സരത്തിൽ 261 പന്തുകളിൽ നിന്നാണ് രഹാനെ 204 റൺസ് നേടിയത്. 3 സിക്സറുകളും 26 ബൗണ്ടറികളും ഈ സ്റ്റാർ ബാറ്റർ നേടി. 78.16 ആണ് രഹാനെയുടെ ഇന്നിങ്സിലെ ശരാശരി. മത്സരത്തിൽ മുംബൈ ഇന്നിങ്സിന്റെ 111ആം ഓവറിലായിരുന്നു രഹാനെ കൂടാരം കയറിയത്. തനായ് ത്യാഗരാജനാണ് രഹാനെയുടെ വിക്കറ്റ് ലഭിച്ചത്. രഹാനെ പുറത്താകുമ്പോൾ 578ന് 4 എന്ന നിലയിലാണ് മുബൈ.
ഈ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം രഹാനെയുടെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ശേഷം തന്റെ സ്ഥാനം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് രഹാനെ. അതിനായി ഈ പ്രകടനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.