ചരിത്രം തിരുത്തിക്കുറിച്ച ഒരു തകർപ്പൻ ട്വന്റി20 ഡബിൾ സെഞ്ചുറി. വിൻഡിസ് താരം റഖി കോൺവെല്ലാണ് ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി നേടിയത്. അമേരിക്കയിലെ ട്വന്റി20 ലീഗായ അറ്റ്ലാന്റ് ഓപ്പണിലാണ് കോൺവെൽ തട്ടുപൊളിപ്പൻ ഡബിൾ സെഞ്ച്വറി നേടിയത്. മത്സരത്തിൽ 208 റൺസ് നേടിയ കോൺവെൽ പുറത്താകാതെനിന്നു.
77 പന്തുകളിലാണ് കോൺവെൽ ഡബിൾ സെഞ്ച്വറി പൂർത്തീകരിച്ചത്. 17 ബൗണ്ടറികളും 22 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു കോൺവെല്ലിന്റെ ഈ തകർപ്പൻ ഡബിൾ സെഞ്ച്വറി. മത്സരത്തിൽ 266 സ്ട്രൈക്ക് റേറ്റിലാണ് കോൺവെൽ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. കോൺവെല്ലിന്റെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 366 റൺസായിരുന്നു അറ്റ്ലാന്റ് ടീം നേടിയത്. എതിർ ടീം മത്സരത്തിൽ 172 റൺസിന് പരാജയമറിയുകയും ചെയ്തു.
എന്നിരുന്നാലും കോൺവെല്ലിന്റെ ഈ തട്ടുപൊളിപ്പൻ ഡബിൾ സെഞ്ച്വറി ക്രിക്കറ്റ് ചരിത്രപുസ്തകത്തിൽ എഴുതിച്ചേർക്കാനാവില്ല. കാരണം അറ്റ്ലാന്റ ഓപ്പൺ ഐസിസി അംഗീകാരമുള്ള ഒരു ക്രിക്കറ്റ് ടൂർണമെന്റല്ല. അതിനാൽതന്നെ ഏറ്റവും ഉയർന്ന ട്വന്റി20 സ്കോർ എന്ന റെക്കോർഡ് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലിന്റെ പേരിൽ തന്നെ നിലനിൽക്കും. ഐപിഎല്ലിന്റെ 2013 സീസണിൽ ബാംഗ്ലൂർ ടീമിനായി ഗെയിൽ 175 റൺസ് തന്റെ വ്യക്തിഗത ഇന്നിങ്‌സിൽ നേടിയിരുന്നു. എന്നിരുന്നാലും കോൺവെല്ലിന്റെ ഈ ഇന്നിങ്സ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മുൻപും കരിബിയൻ പ്രീമിയർലീഗിലടക്കം കോൺവെൽ തന്റെ വമ്പനടികൾ നടത്താനുള്ള കഴിവ് പ്രകടിപ്പിക്കുകയുണ്ടായി. എന്നിരുന്നാലും വിൻഡീസിനെ പ്രതിനിധീകരിച്ച് ഏകദിനങ്ങളും ട്വന്റി20കളും കോൺവെൽ കളിച്ചിട്ടില്ല. അവസാനമായി കോൺവെൽ ടെസ്റ്റ് മത്സരം കളിച്ചത് 2021ൽ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു. എന്തായാലു കോൺവെല്ലിന്റെ ഈ മാസ്മരിക പ്രകടനം ടീം സെലക്ടർമാരുടെ ശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്.