ലോകകപ്പ് എന്നത് എന്നും ആവേശമാണ്. അതിനാൽ തന്നെ പല മുൻ ക്രിക്കറ്റർമാർക്കും തങ്ങളുടെ പ്രവചനങ്ങൾ നടത്താനുള്ള അവസരവും ലോകകപ്പ് നൽകുന്നു. 2022ലെ ട്വന്റി20 ലോകകപ്പിൽ ഏതൊക്കെ ടീമുകൾ സെമി ഫൈനലിൽ എത്തും എന്ന പ്രവചനമാണ് പലരും ഇതുവരെ നടത്തിയിട്ടുള്ളത്. പലരുടെയും ആദ്യ നാല് ടീമുകളുടെ സ്ഥിരസാന്നിധ്യമാണ് ഇന്ത്യ. എന്നാൽ വ്യത്യസ്തമായ ഒരു പ്രവചനവുമായിയാണ് ഇന്ത്യൻ ക്രിക്കറ്റർ റോബിൻ ഉത്തപ്പ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ടീം ലോകകപ്പിന്റെ സെമിഫൈനൽ കാണില്ല എന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്.
2021 ലേതുപോലെ ഇന്ത്യ ഇത്തവണയും ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകും എന്ന് റോബിൻ ഉത്തപ്പ പറയുന്നു. ഇന്ത്യയ്ക്ക് തങ്ങളുടെ രണ്ടാം ട്വന്റി20 ലോകകപ്പിനായി രണ്ടുവർഷം കൂടി കാത്തിരിക്കേണ്ടി വരും എന്നാണ് റോബിൻ ഉത്തപ്പയുടെ അഭിപ്രായം. ഇന്ത്യ പുറത്താകുമെന്ന് പറയുമ്പോഴും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ലോകകപ്പിന്റെ സെമിഫൈനലിൽ എത്തുന്ന രണ്ടു ടീമുകളാവും എന്നാണ് ഉത്തപ്പ പറഞ്ഞുവയ്ക്കുന്നത്.
ഏതൊക്കെ ടീം ലോകകപ്പിന്റെ സെമിഫൈനൽ കാണും എന്ന ചോദ്യത്തിന് റോബിൻ ഉത്തപ്പ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.”ഞാൻ ഒരു നിരാകരണത്തോടെയാണ് ആരംഭിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എന്റെ ഈ തെരഞ്ഞെടുപ്പിൽ സന്തോഷവാന്മാരായിരിക്കും എന്ന് ഞാൻ കരുതുന്നില്ല. കാരണം എന്റെ അഭിപ്രായത്തിൽ സെമിഫൈനലിലെത്താൻ സാധ്യതയുള്ള ടീമുകൾ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവയായിരിക്കും. “- ഉത്തപ്പ പറയുന്നു.
ഉത്തപ്പയുടെ ഈ അഭിപ്രായം വളരെ ഞെട്ടലോടെ തന്നെയാണ് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തത്. മുൻപ് പല ക്രിക്കറ്റർമാരും തങ്ങളുടെ സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യ ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ ഉത്തപ്പയുടെ പ്രവചനം ഞെട്ടലാണ് ഉണ്ടാക്കിയത്. ഈ പ്രവചനം സത്യമാകുമോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ പറയാൻ സാധിക്കൂ.