ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും മോശം പ്രകടനം ആവർത്തിച്ച് നായകൻ രാഹുൽ. ആദ്യ ടെസ്റ്റിലെ രാഹുലിന്റെ മോശം പ്രകടനങ്ങൾ ഒരുപാട് പഴികൾ കേട്ടിരുന്നു. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 22 റൺസും, രണ്ടാം ഇന്നിങ്സിൽ 23 റൺസുമായിരുന്നു രാഹുൽ നേടിയത്. അതിനാൽ രണ്ടാം ടെസ്റ്റ് രാഹുലിന് നിർണായകമാണ് എന്ന് പലരും വിധിയെഴുതിയിരുന്നു. ശേഷമാണ് രാഹുലിന്റെ ഈ പരാജയം.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 45 പന്തുകൾ നേരിട്ട രാഹുൽ നേടിയത് വെറും 10 റൺസ് മാത്രമാണ്. ഇന്നിംഗ്സിൽ ഒരു ബൗണ്ടറി ഉൾപ്പെട്ടു. 22 മാത്രമാണ് രാഹുലിന്റെ ഇന്നിംഗ്സിലെ സ്ട്രൈക്ക് റേറ്റ്. ഇന്ത്യയ്ക്ക് വളരെയധികം നിർണായകമായ മത്സരത്തിൽ ഇത്തരം മോശം പ്രകടനം കാഴ്ചവച്ച രാഹുലിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിൽ തൈജുൽ ഇസ്ലാമിന്റെ പന്തിൽ എൽബിഡബ്ലിയു ആയി കെ എൽ രാഹുൽ പുറത്താവുകയായിരുന്നു.
മുൻപും രാഹുൽ ഈ രീതിയിൽ നിർണായകമായ മത്സരങ്ങളിൽ മോശം പ്രകടനങ്ങൾ തുടർന്നിരുന്നു. ഇതേപ്പറ്റി ഇന്ത്യൻ താരം സാബാ കരീം പറഞ്ഞത് ഇങ്ങനെയാണ്. “ഉയർച്ചയും താഴ്ചയും മത്സരത്തിന്റെ ഭാഗമാണ്. എന്നാൽ രാഹുൽ മികച്ച ഒരു ഇന്നിംഗ്സ് കാഴ്ചവച്ച ശേഷം, അടുത്ത അഞ്ചു മത്സരങ്ങളിൽ പരാജയപ്പെടുന്നു. അയാൾ വലിയ സമ്മർദ്ദത്തിലാണ്. കുറച്ചധികം നാളുകളായി രാഹുലിന്റെ കഥ ഇതുതന്നെയാണ്. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാൻ രാഹുലിന് സാധിക്കുന്നില്ല. ഇത് മറ്റ് കളിക്കാർക്കും സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.”- സാബാ കരീം പറഞ്ഞു.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 227 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ തങ്ങളുടെ ഓപ്പണർമാരെ ഇന്ത്യക്ക് തുടക്കം തന്നെ നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ വലിയൊരു ലീഡ് നേടാൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം.